കോവിഡ് 19 എന്ന മാരക രോഗം , ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്നു. അത് നിമിത്തം നമ്മുടെ രാജ്യം ഉൾപ്പടെ പല രാജ്യങ്ങളും ലോക്ക് ഡൗൺ ചെയ്തിരിക്കുകയാണ്. ഇത്തരണത്തിൽ നമ്മുടെ കേരളത്തിൽ ഉള്ള എല്ലാ വിഭാഗത്തിൽ പെട്ടവർക്കും , ഒരു നിലയിൽ അല്ലെങ്കിൽ മറ്റൊരു നിലയിൽ, ഗവൺമൻ്റ് ശമ്പളമോ, സ്റ്റൈഫെൻ്റോ നൽകുന്നു . എന്നാൽ ഇതിൽ ഒന്നും പെടാത്തത് നമ്മുടെ ദൈവദാസന്മാരും ദിവസ വേതനം വാങ്ങുന്നവരായ വിശ്വാസികളും ആണ് .
എൻ്റെ അറിവിൽ വിശ്വാസികൾ പണി ചെയ്താലേ 50% ദൈവദാസന്മാർക്കും സാമ്പത്തിക നന്മ ഉണ്ടാകുകയുള്ളൂ . ഇല്ലെങ്കിൽ ഇരു കൂട്ടരും പട്ടിണി ആകും . ലോക്ക് ഡൗൺ നിമിത്തം ഇതാണു സംഭവിച്ചിരിക്കുന്നത്. ഭക്ഷണ ക്രമീകരണത്തിന് ഉള്ളത് ഗവൺമൻ്റ് ഏർപ്പെടുത്തിയിരിക്കുന്നുവെങ്കില്ലും, ശ്രദ്ധിക്കാത്ത നിരവധി സാമ്പത്തിക ചിലവുകൾ ഈ കൂട്ടർക്ക് ഉണ്ട് . അവരെ കൂടെ (വിശ്വാസികളെ കൂടെ) സഹായിക്കേണ്ടത് കഴിവുള്ളവരുടെ ഉത്തരവാദിത്വമാണ് . സാലറി ചലഞ്ചിലൂടെ ഉദ്യോഗസ്ഥന്മാരുടെ ഒരു മാസത്തെ ശമ്പളം ഗവൺമൻ്റ് ആവശ്യപ്പെട്ടിരിക്കുന്നു.
എൻ്റെ ശുപാർശ കുറഞ്ഞത് 20,000 ൽ കൂടുതൽ മാസ വരുമാനം (അത് ശമ്പളത്തിലൂടെയും, മറ്റു വരുമാന മാർഗ്ഗങ്ങളിൽ കൂടെയും) ലഭിക്കുന്ന ദൈവദാസൻ മാരും, 30,000 ൽ കൂടൂതൽ മാസവരുമാനം ഉള്ള സഭകളും, ഈ പ്രതിസന്ധി കയിയുവോളം മേൽ പറഞ്ഞ തുകയിൽ കൂടുതൽ ഉള്ളത് , സ്റ്റേറ്റ് കൗൺസിലിനെ ഏൽപിക്കുകയും, കൗൺസിൽ അത് കൃത്യമായി, സെൻ്റർ ശുശ്രൂഷകന്മാരുമായി ആലോചിച്ച്, അതിന് അർഹരായവരിൽ എത്തിക്കുകയും ചെയ്യട്ടെ . ഇത് ശുശ്രൂഷ കരുടെ ഗണത്തിൽ ലോക്കൽ , സെൻ്റർ തലത്തിൽ ഉള്ളവരും , ഐ.പി.സി.യിൽ പൊതു ശുശ്രൂഷകർ എന്ന് അറിയപ്പെടുന്നവരും ഉൾപ്പെടണം. ''സമത്വം ഉണ്ടാകുവാൻ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുർഭിക്ഷത്തിന്നു ഉതകേണ്ടതിന്നു , ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിന്നു ഉതകട്ടെ" (2 കൊരിന്ത്യർ 8:14 ).
ഈ മഹമാരിയിൽ നിന്ന് രാജ്യങ്ങളെ വിടുവിക്കേണ്ടത്തിനും, ജനങ്ങൾ സംരക്ഷിക്കപ്പെടേണ്ട തിനും നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം , ഈ പ്രതിസന്ധിയെ നേരിടാം , നിശ്ച്ചയമായും ദൈവം നമ്മുടെ സ്ഥിതിക്ക് മാറ്റം വരുത്തും . ''എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ അനർത്ഥ ദിവസത്തിൽ യഹോവ അവനെ വിടുവിക്കും ''
ദൈവം നമ്മെ ഏവരേയും അനുഗ്രഹിച്ച് സംരക്ഷിക്കുമാറാകട്ടെ.