News Detail

കാലവർഷക്കെടുതി

നിലമ്പൂർ: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ ഐ.പി.സി നിലമ്പൂർ സഭാ ഹാളിൽ വെള്ളം കയറിയതിനെത്തുടർന്ന് ദുരിതത്തിലായ പാസ്റ്റർ ജോൺ സെബാസ്റ്റ്യനെയും കുടുംബത്തെയും മാറ്റി പാർപ്പിച്ചു. ചാലിയാറിൻ്റെ കൈവരി പുഴകളായ പുന്നപ്പുഴയും കരിമ്പുഴയും നിറഞ്ഞു കവിഞ്ഞു തുടങ്ങിയതാണ് പലയിടത്തും വീടുകളിൽ വെള്ളം കയറിത്തുടങ്ങിയത്. നിലമ്പൂരിലെയും അതിർത്തിപ്രദേശമായ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കനത്ത മഴയും മൂലം നദികളെല്ലാം കരകവിഞ്ഞു തുടങ്ങി. താഴ്ന്ന പ്രദേശങ്ങളിലെ മിക്ക വീടുകളിലും വെള്ളം കയറി. നിലമ്പൂരിലെ മിക്ക വിശ്വാസി ഭവനങ്ങളിലും വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. ചക്കാലക്കുത്ത് മേഖലയിലെ സഭാ വിശ്വാസികളുടെ ഭവനങ്ങളിലും വെള്ളം കയറി. കഴിഞ്ഞ പ്രളയകാലത്തുണ്ടായ ദുരിതം മനസിലാക്കി കുടുംബങ്ങൾ കരുതലുകൾ എടുത്തിട്ടുണ്ട്. മൂന്നാർ: ഐ.പി.സി. മൂന്നാർ സെൻ്ററിലെ ബി.എൽ.റാം ചർച്ച് വിശ്വാസി നൈസിയുടെ പലചരക്ക് കട കാലവർഷക്കെടുതിയിൽ പൂർണമായും തകർന്നു. കനത്ത മഴയിലും കാറ്റിലും മേൽക്കൂര തകരുകയും സാധന സാമഗ്രികൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. കൂടാതെ മൂന്നാർ സെൻ്റർ സഭയും അപകടാവസ്ഥയിലാണ്.